സുകുമാർ അഴീക്കോട്


ഖണ്ഡനനിരൂപണത്തിലൂടെ പ്രശസ്തനായ സാഹിത്യവിമർശകനും വാഗ്മിയും വിദ്യാഭ്യാസചിന്തകനുമാണ് സുകുമാർ അഴിക്കോട് (12 മേയ് 1926 - 24 ജനുവരി 2012). 1926 മേയ് 12-ന്‌ കേരളത്തിൽ കണ്ണൂർ ജില്ലയിലെ അഴീക്കോട് ഗ്രാമത്തിൽ ജനിച്ചു.പ്രൈമറിതലം മുതൽ പരമോന്നതസർവ്വകലാശാലാബിരുദതലം വരെ അദ്ധ്യാപകനായി പ്രവർത്തിച്ച ഇദ്ദേഹം കാലിക്കറ്റ് സർവ്വകലാശാലയിൽ പ്രോ വൈസ് ചാൻസിലറായിരുന്നു. കേന്ദ്ര-കേരള സാഹിത്യ അക്കാദമികളിൽ ജനറൽ കൗൺസിൽ, എക്സിക്യൂട്ടിവ് കൗൺസിൽ എന്നിവയിൽ അംഗമായിരുന്നു. ഇതിനു പുറമേ പല പ്രസിദ്ധീകരണങ്ങളുടേയും പത്രാധിരായും ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. മുപ്പത്തഞ്ചിലേറെ കൃതികളുടെ കർത്താവാണ്. 2012 ജനുവരി 24 ന്അന്തരിച്ചു
                      

                             ജീവിതരേഖ


                                                സെയിന്റ് ആഗ്നസ് കോളേജിൽ മലയാളം അദ്ധ്യാപകനായിരുന്ന പനങ്കാവിൽ ദാമോദരൻ, കോളോത്ത് തട്ടാരത്ത് മാധവിയമ്മ എന്നിവരുടെ പുത്രനായി 1926 മേയ് 12-ന്‌ കണ്ണൂർ ജില്ലയിലെ അഴീക്കോട് എന്ന ഗ്രാമത്തിൽ സുകുമാർ അഴീക്കോട് ജനിച്ചു. ചിറക്കൽ രാജാസ് ഹൈസ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി. ജയിച്ചു. കോട്ടക്കൽ ആയുർവേദകോളേജിൽ ഒരു വർഷത്തോളം വൈദ്യപഠനം നടത്തി. 1946-ൽ വാണിജ്യശാസ്ത്രത്തിൽ ബിരുദം നേടി. തുടർന്ന് അദ്ധ്യാപക പരിശീലനം പൂർത്തിയാക്കി കണ്ണൂരിലെ ചിറക്കൽ രാജാസ് ഹൈസ്കൂളിൽ അദ്ധ്യാപകനായി. മലയാളത്തിലും സംസ്കൃതത്തിലും സ്വകാര്യപഠനത്തിലൂടെ ബിരുദാനന്തരബിരുദവും നേടി. കേരള സർവ്വകലാശാലയിൽ നിന്ന് അദ്ദേഹം മലയാളസാഹിത്യത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. കോഴിക്കോട് ദേവഗിരി കോളെജിൽ മലയാളം ലൿചററായരുന്നു. ഇതിനു പുറമേ മംഗലാപുരം സെന്റ് അലോഷ്യസ്, കോഴിക്കോട് സെന്റ് ജോസഫ്സ് എന്നീ കോളേജുകളിലും അദ്ധ്യാപകനായിരുന്നു. പിന്നീട് മൂത്തകുന്നം എസ്.എൻ.എം ട്രെയ്‌നിംഗ് കോളെജിൽ പ്രിൻസിപ്പലായി. കോഴിക്കോട് സർവകലാശാല സ്ഥാപിച്ചപ്പോൾ മലയാളവിഭാഗം മേധാവിയും പ്രൊഫസറുമായി നിയമിതനായി. പിന്നീട് അവിടെ പ്രൊ-വൈസ് ചാൻസിലറും ആയിരുന്നു അദ്ദേഹം. 1986ൽ അദ്ധ്യപനരംഗത്തു നിന്ന് വിരമിച്ചു.
                            

                      സാഹിത്യനിരൂപണം

കാല്പനികകവിതയുടെ ഭാവുകത്വം നിലപാടുതറയായി എഴുത്ത് തുടങ്ങിയ നിരൂപകനായിരുന്നു അഴീക്കോട്. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെ ആധാരമാക്കി എഴുതിയ ആശാന്റെ സീതാകാവ്യം ഏതെങ്കിലും ഒരു ഖണ്ഡകാവ്യത്തെക്കുറിച്ച് മാത്രമായി പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യത്തെ സമഗ്രപഠനമാണ്. കാവ്യരചനയുടെ പിന്നിലെ ദാർശനികവും സൌന്ദര്യശ്സ്ത്രപരവുമായ ചോദനകളെ പാശ്ചാത്യവും പൌരസ്ത്യവുമായ കാവ്യശാസ്ത്രസിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ വിശകലനം ചെയ്യുന്ന ഈ നിരൂപണഗ്രന്ഥം ഒരു കൃതിയെക്കുറിച്ചുള്ള സമഗ്രനിരൂപണത്തിന്റെ മലയാളത്തിലെ മികച്ച മാതൃകയാണ്. നിരൂപകന്റെ പാണ്ഡിത്യവും സഹൃദയത്വവും സമഞ്ജസമായി മേളിക്കുന്നത് ഊ പുസ്തകത്തിൽ കാണാം.

അഴീക്കോടിന്റെ വിമർശനപക്ഷപാതം ഖണ്ഡനനിരൂപണത്തോടാണെന്ന് പ്രഖ്യാപിക്കുന്നത് ജി.ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നുവെന്ന കൃതിയിലൂടെയാണ്. കാല്പനികതയുടെ ജീർണ്ണതയാണ് അനുകരണപ്രവണമായ മിസ്റ്റിസിസത്തിൽ പ്രകടമാകുന്നതെന്ന് സ്ഥാപിക്കുവാനാണ് നിരൂപകൻ ഇതിൽ പരിശ്രമിക്കുന്നത്. മലയാളികൾ എക്കാലവും കാല്പനികതയുടെ വസന്തമായി കണക്കാക്കുന്ന ചങ്ങമ്പുഴയും ഈ നിരൂപകന്റെ ഖണ്ഡനവിമർശനത്തിന് വിഷയമായിരുന്നു. പുരോഗമനസാഹിത്യ പ്രസ്ഥാനത്തിനെതിരെ തുടക്കം മുതൽ ശക്തമായ നിലപാടാണ് അഴീക്കോട് സ്വീകരിച്ചത്.


        സുകുമാര്‍ അഴിക്കോടിന്  ആദരാജ്ഞലികള്‍

0 comments:

Post a Comment